കീഴാറ്റൂര്‍ ബൈപ്പാസിന് എതിരായി സംസാരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരോട് ഒരു ചോദ്യം
ആദ്യമായി പറയട്ടെ, കീഴാറ്റൂര്‍ ബൈപ്പാസിന്‍റെപേരില്‍ ഭൂമിനഷ്ടപ്പെടുന്നവരുടെ കഷ്ടനഷ്ടങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട്കൊണ്ടാണ് ഇതെഴുതുന്നത്. അതിന് വിധേയരാകുന്നവര്‍ക്ക് തക്കതായ നഷ്ടപരിഹാരം തീര്‍ച്ചയായും ലഭിച്ചിരിക്കണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
എന്നാല്‍ എന്‍റെ ചോദ്യം പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവരോടാണ്. കീഴാറ്റൂരില്‍ ബൈപാസ് വന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് പറയുന്നത് അങ്ങീകരിക്കുന്നു. എന്നാല്‍ അതൊഴിവാക്കാനായി ഇപ്പോഴത്തെ ഹൈവേതന്നെ വീതികൂട്ടി പ്രശ്നം പരിഹരിക്കണമെന്ന് പറയുമ്പോള്‍ അതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?
കുപ്പം പാലം മുതല്‍ തളിപ്പറമ്പ് ടൌണ്‍ വഴി കുറ്റിക്കോല്‍ പാലം വരെ ഏകദേശം 6 KM ദൂരമാണ് ഉള്ളത്. തളിപ്പറമ്പ് ടൌണിന് അടുത്തുള്ള വളഞ്ഞു പുളഞ്ഞുള്ള ചെങ്കുത്തായ ചുരം കയറി പോകുന്ന ഒരു ട്രാക്കിന് ഇത്രയും ദൂരം ഓടാന്‍ ചുരുങ്ങിയത് 2 ലിറ്റര്‍ ഡീസല്‍ ആവശ്യമായി വരും. അതേ സമയം ബൈപാസ് വഴിയാണെങ്കില്‍, ചെങ്കുത്തായ കയറ്റമില്ലാത്തത്കൊണ്ടും ദൂരം കുറയുന്നത് കൊണ്ടും ഒരു ലിറ്റര്‍ ഡീസല്‍ കൊണ്ട് കാര്യം സാധിക്കും. ദിവസം പതിനായിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. അപ്പോള്‍ ബൈപ്പാസ് ഇല്ലെങ്കില്‍ ഉണ്ടാവുന്ന, അധികം ഡീസല്‍ കത്തിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടവും പരിസ്ഥിതി പ്രശ്നങ്ങളും നിങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടോ? ഈ തലമുറ മാത്രമല്ല, വരും തലമുറകള്‍ കൂടി അതിന്‍റെ ദോഷവശങ്ങള്‍ അനുഭവിക്കില്ലെ?
എന്തിനേയും രാഷ്ട്രീയവല്‍ക്കരിക്കുകയും എതിര്‍ക്കാനായി എതിര്‍ക്കുകയും ചെയ്യുന്ന നമ്മുടെ സ്വഭാവമാണ് ആദ്യം മാറേണ്ടത്.