Criticdaily
Unnikrishnan N
6 years
remove_red_eye1172
ആദ്യം നേതാക്കളെ നുണപരിശോധനക്ക് വിധേയമാക്കട്ടെ.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നാല്‍, യഥാര്‍ത്ത കുറ്റവാളികളെ കണ്ടെത്താനായി, കുറ്റമാരോപിക്കപ്പെടുന്ന പാര്‍ട്ടിയുടെ ജില്ലാതല നേതാവിനെ, അവരുടെ സമ്മതമില്ലെങ്കില്‍കൂടി, ബ്രെയിന്‍വാഷ് - നുണപരിശോധനക്ക് വിധേയമാക്കാന്‍ വ്യവസ്ഥയുണ്ടാവണം.

കൊലപാതകം നടത്താനായി എല്ലാവിധ ഒത്താശകളും ചെയ്ത് കൊടുക്കുക, രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കുറ്റമാരോപിക്കുക, കേസ്സുമായി ബന്ധമില്ലാത്ത ആളുകള്‍ വേതനം പറ്റിക്കൊണ്ട് കുറ്റമേല്‍ക്കുക, അല്ലെങ്കില്‍ കുറ്റം ചെയ്തില്ലെങ്കില്‍ക്കൂടി പാര്‍ട്ടി പറയുന്ന ആള്‍ കുറ്റമേറ്റെടുത്ത് മുന്നോട്ട് വരിക, അന്വേഷണം തിരിച്ചു വിടാനുള്ള കുതന്ത്രം പ്രയോഗിക്കുക തുടങ്ങി നിയമ വ്യവസ്ഥയെയും നിയമ പാലകരെയും വിഡ്ഢി വേഷം കെട്ടിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇവിടെ നടക്കുന്നതായി കാണാം.

ഒരു കൊലപാതകം നടന്നാല്‍ പ്രതികളെ കണ്ടുപിടിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനില്‍ക്കുന്ന അന്വേഷണ പരമ്പരയാണ്. യഥാര്‍ത്ഥ പ്രതികളെ പിടിച്ചാല്‍തന്നെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വലിയ നേതാക്കന്മാര്‍ എപ്പോഴും രക്ഷപ്പെടുകയാണ് പതിവ്. അവര്‍ ഒന്നുമറിയാത്തവരെപ്പോലെ മാന്യന്മാരായി നടക്കുന്നു, അടുത്ത രാഷ്ട്രീയ ശത്രുവിനെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനവുമായി കരുക്കള്‍ നീക്കുന്നു. ഈ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

എന്തിനുവേണ്ടി നമ്മുടെ നിയമ പാലകര്‍ ഇങ്ങനെ നിരന്തരമായി വിഡ്ഢി വേഷം കെട്ടണം? പരസ്പരം കുറ്റമാരോപിക്കുന്ന രണ്ട്‌ പാര്‍ട്ടികളിലെയും ജില്ലാതല നേതാക്കളെ നുണപരിശോധനക്ക് വിധേയമാക്കിയാല്‍ കാര്യങ്ങളുടെ നിജസ്ഥിതി എളുപ്പം മനസ്സില്ലാക്കാന്‍ സാധിക്കുകയും യഥാര്‍ത്ഥ കുറ്റവാളികളെയും അതിന് പ്രേരിപ്പിച്ചവരെയും കണ്ടെത്താനും സാധിക്കും.

പൌരാവകാശത്തിന്‍റെ പേരുപറഞ്ഞ്  നുണപരിശോധനയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കുറ്റമാരോപിക്കപ്പെട്ട പാര്‍ട്ടി നേതാക്കളെ അനുവദിക്കരുത്. യഥാര്‍ത്ഥ കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സഹായിക്കുക എന്നത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കര്‍ത്തവ്യമാണ്.
30
thumb_down 4
chat_bubble_outline Comments
Comments
Criticdaily
Criticdaily