പഠിക്കാത്തവരെ പാസാക്കി വിടുന്ന കേരള സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം...
പഠിക്കാത്തവരെ പാസാക്കി വിടുന്ന കേരള സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം – വിദ്യ അറിയാത്ത മടിയന്മാരായ സമൂഹത്തെ സൃഷ്ടിക്കല്‍. കേരള സിലബസ്സില്‍ +2 പാസ്സായി വരുന്ന വിദ്യാര്‍ത്തികളില്‍ ഭൂരിഭാഗത്തിനും തെറ്റുകളില്ലാതെ ഒരു ലീവ് ലെറ്റര്‍ എഴുതാന്‍ പോലും അറിയില്ല. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഒരു ശ്രമവും നടത്താതെ, ഉയര്‍ന്ന ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതില്‍ മാത്രം തല്‍പരരായ മടിയന്മാരായ അധ്യാപകര്‍ മടിയന്മാരായ കുട്ടികളെയും വാര്‍ത്തെടുക്കുന്നു. അതിന് ചൂട്ടുപിടിക്കാന്‍ യുനിയന്‍ നേതാക്കന്മാരും വകുപ്പ് മന്ത്രിയും. കുറച്ച് കൊല്ലങ്ങള്‍ക്ക് മുമ്പ്, മാര്‍ക്ക് കൂട്ടികൊടുത്ത് 98 ശതമാനം കുട്ടികളെയും പാസ്സാക്കിയതിനു ശേഷം, ഒരു മന്ത്രി പറഞ്ഞത് ഓര്‍ക്കുകയാണ്, “എന്താ, CBSE കുട്ടികള്‍ക്ക് മാത്രം പാസ്സായാല്‍ മതിയോ?” എന്ന്.
കഴിഞ്ഞ +2 ഫലം പ്രസിദ്ധീകരിച്ചതിനു ശേഷം നമ്മുടെ വിദ്ധ്യാഭ്യാസമന്ത്രി സംസാരിക്കുന്നത് കേട്ടു, ഇത്തവണ മാര്‍ക്ക് കൂട്ടി കൊടുത്തിട്ടില്ല, അധ്യാപകരുടെയും വിദ്യാര്‍ത്തികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് വിജയ ശതമാനം ഇത്രയും ഉയരാന്‍ കാരണം എന്ന്. അത് കേട്ട് ഈയുള്ളവന്‍ ഒരു ടീച്ചറോട് ചോദിച്ചു, ടീച്ചരുടെ ക്ലാസ്സില്‍ എത്ര കുട്ടികള്‍ പാസ്സായി എന്ന്. ടീച്ചര്‍ പറഞ്ഞു, 40ല്‍ 38 കുട്ടികള്‍ പാസ്സായി, 2 കുട്ടികള്‍ തോറ്റു. കൂടാതെ ഇത്രയുംകൂടി ടീച്ചര്‍ പറഞ്ഞു, കുട്ടികളുടെ പഠന നിലവാരം വച്ചു നോക്കുകയാണെങ്കില്‍ വെറും 2 കുട്ടികള്‍ മാത്രമേ പാസ്സകുമായിരുന്നുള്ളൂ !!!!
ഇന്ന്‍ വളര്‍ന്നുവരുന്ന പുതു തലമുറകളില്‍ പൊതുവെ കാണുന്ന മൂല്യച്ച്യുതിയുടെയും നിലവാരത്തകര്‍ച്ചയുടെയും പ്രധാന കാരണം അദ്ധ്വാനശീലം ഒട്ടുമില്ലാതെ, പഠിക്കാതെ പാസ്സാക്കിവിടുന്ന ഇവിടുത്തെ സ്ഥിതി വിശേഷം തന്നെയല്ലേ. സ്വന്തം കുട്ടികള്‍ ഒന്നും പഠിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും പാസ്സായിക്കിട്ടുന്നതില്‍ മാത്രമെ ഇപ്പോള്‍ രക്ഷിതാക്കള്‍ക്കും താല്‍പര്യമുള്ളൂ എന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ CBSE യില്‍ പഠിക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ കേരള സിലബസ്സിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്.