കൊടി നാട്ടി സ്തംഭിപ്പിക്കല്‍ !
01-05-2018. ഈ മെയ് ദിനത്തോടുകൂടി നോക്കുകൂലി, അതായത് മലയാളികളുടെ നാണക്കേടുകളിലൊന്ന്‍, ഇല്ലാതായിരിക്കുകയാണ്. അതിന് വേണ്ടി പ്രവത്തിച്ച നമ്മുടെ ഭരണാധികാരികള്‍ക്ക് നന്ദി, അഭിനന്ദനങ്ങള്‍. ഇതുപോലുള്ള കുറേ കാര്യങ്ങള്‍ ഇനിയും ചെയ്യുവാനുണ്ട്. അതില്‍ ഒന്നിന്‍റെ കാര്യം ഇവിടെ സൂചിപ്പിക്കട്ടെ.
ഏതെങ്കിലും ഒരു പാര്‍ട്ടി ഗ്രാമത്തില്‍ ഒരാള്‍ ഒരു സംരംഭം തുടങ്ങുവാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങളും മുതല്‍ മുടക്കുമായി മുന്നോട്ട് പോകുന്നുവെന്ന് വെക്കുക. അപ്പോഴേക്കും അവിടുത്തെ ഒന്നോ രണ്ടോ ചോഠാ നേതാക്കന്മാര്‍ക്ക് എന്തെങ്കിലും കാരണവശാല്‍ ആ പദ്ധതി ഇഷ്ടപ്പെടാതിരുന്നാല്‍ മാത്രം മതി, ഉടനെ അവിടെ ഒരു പാര്‍ട്ടി പതാക കൊണ്ട് സ്ഥാപിക്കും. അതിന് ശേഷം ആ പാര്‍ട്ടിയുടെ സമ്മതമില്ലാതെ അവിടെ ഒന്നും ചെയ്യുവാന്‍ പാടില്ല എന്നാണ് വെപ്പ്. എന്ന് വെച്ചാല്‍, ആ സംരംഭത്തിന്‍റെ അന്ത്യവും അവിടെ കുറിച്ചെന്നര്‍ത്ഥം. ഈ സംരംഭം തുടങ്ങുവാനിറങ്ങിയ വ്യക്തി അതുവരെയുള്ള അദ്ദേഹത്തിന്‍റെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യവും കൂടാതെ ബാങ്കില്‍നിന്ന് കടമെടുത്തും മറ്റുമൊക്കെ ആയിരിക്കും ആ സ്വപ്ന പദ്ധതിക്ക് വേണ്ടി ഇറങ്ങിത്തിരിച്ചത്. കൂടാതെ പ്രാദേശിക ഭരണ സ്ഥാപങ്ങളുടെ സമ്മത പത്രവും നേടിയിട്ടുണ്ടായിരിക്കും. എന്നാല്‍ ഇതൊന്നും ഈ പറഞ്ഞ ചോഠാ നേതാക്കന്മാര്‍ക്ക് വിഷയമല്ല. അവിടെ കൊടി സ്ഥാപിച്ചു കഴിഞ്ഞാല്‍പ്പിന്നെ അധികാരവര്‍ഗങ്ങളും ആ വിഷയത്തില്‍ ഇടപെടുകയില്ല.
ചെറിയൊരു ശതമാനം ആളുകളുടെ ധിക്കാരപരമായ പെരുമാറ്റമാണ് ഇതെങ്കില്‍കൂടി, അനേകം സംരംഭകരുടെ ആത്മഹത്യയിലേക്കും മറ്റു ചിലര്‍ സംസ്ഥാനം വിട്ടുപോവാനും ഇത് വഴിവെച്ചിട്ടുണ്ടെന്നുള്ള കാര്യം ഗൌരവ പൂര്‍വ്വം കാണേണ്ടതാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഈവക കാര്യങ്ങള്‍ നിസ്സാരവല്‍ക്കരിക്കുകയാണ് പതിവ്. ഇനിയും അത് തുടരുവാന്‍ അനുവദിച്ചുകൂട. ഈ ദു:സ്ഥിതി ഇല്ലാതാക്കാന്‍ പിണറായി സര്‍ക്കാരിന് മാത്രമേ സാധിക്കുകയുള്ളൂ. അതിനാവശ്യമായ നടപടികള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതാനും അപക്വമതികളുടെ ദുര്‍വാശിക്ക് പൂരകമാവാനുള്ളതല്ല നമ്മുടെ പാര്‍ട്ടി പതാക എന്നുകൂടി ഇത്തരക്കാരെ മനസ്സിലാക്കിച്ചാല്‍ നന്ന്.